തിരുവനന്തപുരം: ട്രാന്‍സ് ദമ്പതികളായ സിയക്കും സഹദിനും കുഞ്ഞ് പിറന്നതില്‍ സ്‌നേഹാശംസകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചുകൊണ്ടാണ് ഈ കുഞ്ഞ്
ഈ ഭൂമിയില്‍ പിറന്നുവീണതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അധികാര കുടുംബ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേക്ക് തുല്യ പങ്കാളിത്തത്തിന്റെ നല്ല മാതൃക സൃഷ്ടിക്കാന്‍ ദമ്പതികള്‍ക്കാകട്ടെ എന്നും ആര്‍. ബിന്ദു ആശംസിച്ചു.
‘ട്രാന്‍സ് ദമ്പതികളായ സിയ പവലിനും സഹദിനും ഒരു കുഞ്ഞു പിറന്നിരിക്കുന്നു. സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ.
ആധിപത്യത്തിന്റേയും അധികാര സ്ഥാപനത്തിന്റേയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് സ്‌നേഹത്തിന്റേയും തുല്യ പങ്കാളിത്തത്തിന്റേയും മസൃണമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനര്‍നിര്‍വചിക്കുവാന്‍ ഈ ജനനവും ഒരു നല്ല കാരണമാവട്ടെ. കുഞ്ഞിന് സ്‌നേഹാശ്ലേഷം,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സഹദിന്റെ ഗര്‍ഭധാരണം വലിയ ജനശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി കടന്നുവരുന്നതിന്റെ സന്തോഷം നര്‍ത്തകിയും അഭിനേത്രിയുമായ സിയ പവല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശികളാണ് ദമ്പതികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം നടത്തിയ പരിശോധനകളില്‍ സഹദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയതോടെയാണ് സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നത്.