|

നെറ്റും ജെ.ആര്‍.എഫും നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങളുമായി ഉന്നത വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെറ്റും ജെ.ആര്‍.എഫും നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഹെല്‍ദി സാദിയ, ആനന്ദ് സി. രാജപ്പന്‍, അനുരാജ് എം എന്നിവര്‍ക്കാണ് മന്ത്രി ആശംസകള്‍ അറിയിച്ചത്.

‘നെറ്റ്, ജെ.ആര്‍.എഫ് എന്നിവ നേടി കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഭകള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സ്‌നേഹാഭിവാദ്യങ്ങള്‍,’ ഡോ. ആര്‍. ബിന്ദു

മാസ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസത്തിലാണ് ഹെല്‍ദി സാദിയ ജെ.ആര്‍.എഫ് നേടിയത്. വുമണ്‍ സ്റ്റഡീസില്‍ അനുരാജും പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് തിയേറ്ററില്‍ ആനന്ദും ജെ.ആര്‍.എഫ് നേടി.

യു.ജി.സി നെറ്റ് ഡിസംബര്‍ 2024 സെഷന്‍ പരീക്ഷകള്‍ ജനുവരി മൂന്ന് മുതല്‍ 27 വരെയാണ് നടന്നത്. ഒമ്പത് ദിവസങ്ങളിലായി 16 ഷിഫ്റ്റുകളില്‍ 266 നഗരങ്ങളിലെ 558 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

8,49,166 ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. 8,49,166 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6,49,490 പേരാണ് പരീക്ഷ എഴുതിയത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫലമനുസരിച്ച്, 5,158 ഉദ്യോഗാര്‍ഥികള്‍ ജെ.ആര്‍.എഫും 48,161 ഉദ്യോഗാര്‍ത്ഥികള്‍ നെറ്റും നേടി. 1,14,445 ഉദ്യോഗാര്‍ഥികളാണ് പി.എച്ച്.ഡിക്ക് മാത്രമുള്ള യോഗ്യത നേടിയത്.

2015ല്‍ രാജ്യത്ത് തന്നെ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 2019ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം വിപുലമാക്കുന്നതിനാവശ്യമായ സാഹചര്യങ്ങളൊരുക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.

പ്രതിഭ പദ്ധതി, അനന്യം പദ്ധതി, യത്‌നം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് ധനസഹായ പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വൃക്തികള്‍ക്കുള്ള സാകല്യം പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സ്വയം തൊഴില്‍ ധനസഹായം, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള വിവാഹധനസഹായ പദ്ധതി തുടങ്ങിയ നിരവധി സ്‌കീമുകള്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ നടന്നുവരുന്നുണ്ട്.

Content Highlight: Higher Education Minister congratulates Transgender candidates who cleared NET and JRF

Video Stories