|

യു.ജി.സി കരട് നയം പിന്‍വലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ പ്രമേയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ജി.സി കരട് നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി റെഗുലേഷന്‍-ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ പ്രമേയം. 15 വിഷയങ്ങളിലൂടെ കരടിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കണ്‍വെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സംഘം കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനമായി.

തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി. സുധാകര്‍, തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോവി ചെഴിയാന്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍, യു.ജി.സി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യു.ജി.സിയുടെ ശ്രമമെന്നും പറഞ്ഞു.

കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും യു.ജി.സി ഭരണഘടനക്കുള്ളില്‍ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരുകള്‍ സര്‍വകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. നിയന്ത്രിക്കുകയല്ല വേണ്ടതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കണ്‍വെന്‍ഷനില്‍ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തില്ല. കണ്ണൂര്‍ സര്‍വകലാശാല വി.സി പ്രൊഫ. ഡോ. കെ.കെ. സാജു പങ്കെടുക്കില്ലെന്ന് ഇന്നലെ (ബുധന്‍) തന്നെ അറിയിച്ചിരുന്നു. പ്രതിഷേധ പരിപാടിയായതിനാല്‍ പങ്കെടുക്കേണ്ടെന്നായിരുന്നു തീരുമാനം.

ഇതിനുപുറമെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി അറിയിച്ചതോടെ കണ്‍വെന്‍ഷന്‍ സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തിയിരുന്നു. യു.ജി.സി കരടിന് എതിരായ എന്ന പരാമര്‍ശമാണ് സര്‍ക്കാര്‍ തിരുത്തിയത്.

എന്നിരുന്നാലും യു.ജി.സി കരട് നിര്‍ദേശം പിന്‍വലിക്കണമെന്നാണ് കണ്‍വെന്‍ഷന്‍ പ്രമേയം ആവശ്യപ്പെടുന്നത്. കേന്ദ്രത്തിന്റെ യു.ജി.സി കരടിനെതിരെ സംസ്ഥാനം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്ന യു.ജി.സി കരട് ചട്ടം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം ഇതിന് മുന്നോടിയായി കേന്ദ്രത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കും കത്തെഴുതുകയും ചെയ്തിരുന്നു.

അക്കാദമിക പരിചയമില്ലാത്തവര്‍ക്ക് വൈസ് ചാന്‍സിലറാകാമെന്നും സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് വി.സിയെ ചാന്‍സിലര്‍ക്ക് നേരിട്ട് നിയമിക്കാമെന്നുമുള്‍പ്പെടെയുള്ള പരിഷ്‌ക്കരണങ്ങളാണ് യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.

അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് നെറ്റ് ആവശ്യമില്ലെന്നും ബിരുദത്തിന് 75 ശതമാനം മാര്‍ക്കോ ബിരുദാനനന്തര ബിരുദത്തിന് 65 ശതമാനം മാര്‍ക്കോ മതിയെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

Content Highlight: Higher Education Convention resolution want to withdraw UGC draft policy