| Monday, 7th January 2019, 11:42 am

ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നം; സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു.

ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഹര്‍ത്താലിനെതിരെ സുപ്രീം കോടതിയടക്കം ഇടപെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ബി.ജെ.പി റാലിയില്‍ 25000 പേര്‍ വരുമെന്ന പ്രതീക്ഷയില്‍ 5100 കിലോ കിച്ചടി ഉണ്ടാക്കി; വന്നത് 6000 പേര്‍ മാത്രം


ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞപ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങളും ഹരജിയിലുണ്ട്. ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more