| Tuesday, 2nd December 2014, 7:13 pm

മാവോവാദി ബന്ധം: സ്വിസ് പൗരന്‍ ജോനാഥനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സ്വിഡീഷ് പൗരന്‍ ജോനാഥന്‍ ബൗദിനെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്നതിന് ജോനാഥിന് വിലക്കുണ്ടായിരുന്നില്ല. യോഗത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ജോനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട മാവോവാദി നേതാവ് സിനോജിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിനാണ് വലപ്പാട് പോലീസ് ബൗദിനെ കസ്റ്റഡിയിലെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചത് വിസ ചട്ടലംഘനമാണെന്ന് പറഞ്ഞാണ് കേസ്. എന്നാല്‍ അറസ്റ്റിലായ ജൊനാഥനെതിരെ ആവശ്യമായ  തെളിവുകള്‍ ലഭിക്കുകയോ ആരോപിക്കപ്പെട്ടിരിക്കുന്ന മാവോവാദി ബന്ധം സ്ഥിരീകരിക്കാനോ പോലീസിന് കഴിഞ്ഞിരുന്നില്ല.

ടൂറിസ്റ്റ് വിസയില്‍ കേരളത്തില്‍ എത്തിയ ജോനാഥന്‍ ഈ മാസം ഏഴാം തീയതി മുതല്‍ കണ്ണൂരില്‍ താമസിച്ച് വരികയായിരുന്നു. വനത്തിനുള്ളില്‍ മരിച്ച മാവോവാദി നേതാവ് സിനോജിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ തൃപ്രയാറിലെത്തിയത്.

അതേസമയം സ്വിസ് അക്കാദമിക വൃത്തങ്ങളില്‍ ഏറെ സുപരിചിതനായ ആളാണ് ജൊനാഥന്‍ ബൗദെന്നും അദ്ദേഹം യുവഗവേഷകനും സാമൂഹ്യപ്രവര്‍ത്തകനുമാണെന്നും പ്രശസ്ത പത്രപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.പി. സേതുനാഥ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്റിന്റെ സാമ്പത്തിക ചരിത്രം, പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസം എന്നീ വിഷയങ്ങളിലാണ് ജോനാഥന്‍ ഗവേഷണം നടത്തുന്നത്. അതിന്റെ ഭാഗമായ പഠനങ്ങള്‍ക്കാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വായിക്കുക: അനുഭവിച്ചത് കടുത്ത മനുഷ്യാവകാശലംഘനം; മരണം വരെ ഇനി ഇന്ത്യയിലേയ്ക്കില്ല; ജൊനാഥന്‍ ബൗദ്

We use cookies to give you the best possible experience. Learn more