കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സര്‍ക്കാര്‍ തല അന്വേഷണം വേണമെന്ന് ഹൈക്കോടതി.
സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ മറുപടിയും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
അടുത്ത മാസം 15നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടു.സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് തെറ്റാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സര്‍ക്കാര്‍ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം. അത്തരമൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമേ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളുവെന്നും കോടതി പറഞ്ഞു.
ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് സ്റ്റേറ്റ് അറ്റോര്‍ണിയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.
സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഏത് സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്, നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മര്‍ദങ്ങളാണോ അനുമതി നിഷേധിക്കാന്‍ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിക്കുക.
നഗരസഭ പരിധിയില്‍ ഓഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ ടി. അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.