കൊച്ചി: എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ പൊലീസുകാരനായ ഗവാസ്‌കറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെടലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുദേഷ്‌കുമാറിന്റെ മൊഴിയും ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരില്‍ നിന്നും കോടതി വിശദീകരണം തേടിയത്. എ.ഡി.ജി.പിയുടെ മകള്‍ക്ക് പകരം സാധാരണ സ്ത്രീയാണ് മര്‍ദ്ദിച്ചതെങ്കില്‍ വധശ്രമത്തിന് കേസെടുക്കുകയില്ലായിരുന്നോ എന്നാണ് കോടതി ചോദിച്ചത്.
ALSO READ; ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി
അതേസമയം ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് കോടതി നീട്ടിവച്ചിട്ടുണ്ട്.
ബറ്റാലിയന്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
തനിക്കെതിരായി എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ഇല്ലാതാക്കാനാണ് അവര്‍ മകളുടെ പേരില്‍ വ്യാജ പരാതി നല്‍കിയതെന്ന് ഗവാസ്‌കര്‍ പറയുന്നു.
എ.ഡി.ജി.പിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് സാരമായി പരിക്കേറ്റെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.