കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന കേസില്‍ കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. അന്‍സില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. കേസില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ ഒരു ദിവസത്തെ സമയം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്ന് ചൂണ്ടിക്കാട്ടി വഞ്ചന അടക്കം അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് അന്‍സിലിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്.
കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അന്‍സിലിനെതിരെ കേസെടുത്തിരിക്കുന്നത്. സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോട് കൂടി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഐ.പി.സി 465, 466, 468, 471, 420 എന്നീ വകുപ്പുകളാണ് അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്.
അന്‍സില്‍ ജലീലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒറിജിനലല്ലെന്ന് പരീക്ഷ കണ്‍ട്രോളറുടെ പരിശോധനയില്‍ സര്‍വകലാശാല സ്ഥിരീകരിക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റിനെതിരെ എസ്.എഫ്.ഐ കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 2016ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദം നേടിയെന്നായിരുന്നു അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ സര്‍കലാശാല പരാതി നല്‍കിയത് ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അന്‍സില്‍ തെറ്റ് ചെയ്‌തോയെന്ന് അറിയില്ലെന്നും വി.സി മോഹന്‍ കുന്നുമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight: Highcourt stayed ansil’s arrest still friday