കൊച്ചി: പീസ് സ്‌കൂള്‍ വിവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹൈക്കോടതി ഇടപെടല്‍. മതവിദ്വേഷമുണ്ടാക്കുന്ന സിലബസ് പഠിപ്പിച്ചെന്ന കേസില്‍ കൊച്ചി പീസ് സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു.
നിലവിലെ വിധിപ്രകാരം ഒരാഴ്ചത്തെക്കാണ് തുടരന്വേഷണത്തിന് സ്റ്റേ. കൊട്ടിയം, കാട്ടൂര്‍, പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള കേസുകളിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൂന്ന് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈയടുത്തിടെയാണ് വിവാദ പാഠഭാഗം ഉള്‍പ്പെടുന്ന പുസ്തകം വാങ്ങി വിതരണം ചെയ്ത കേസില്‍ പീസ് സ്‌കൂള്‍ ഫൗണ്ടേഷന്‍ എം.ഡി എം.എം അക്ബറിനെതിരെ കേസെടുത്തത്. പീസ് ഫൗണ്ടേഷനെ കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് എം.എം അക്ബറിനെയും പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഫൗണ്ടേഷനു കീഴിലുള്ള 12 സ്‌കൂളുകളില്‍ ഈ പുസ്തകം വിതരണം ചെയ്തിരുന്നു. സ്‌കൂള്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദിനെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസില്‍ എന്‍.ഐ.എയും പൊലീസും തിരയുന്നുണ്ട്.