| Friday, 16th March 2018, 1:13 pm

വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാളിനും കുറ്റക്കാര്‍ക്കുമെതിരെ തത്കാലം കേസെടുക്കേണ്ടെന്ന്  ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.

ഭൂമി ഇടപാട് വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ അടുത്ത മാസം മൂന്നിന് വീണ്ടും വാദം കേള്‍ക്കും.


ALSO READ : പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ചെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്


കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി കൈമാറ്റത്തിന് ഇടനിലക്കാരനായി നിന്ന സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രധാനപ്രതികള്‍. കര്‍ദ്ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ALSO READ : കാട്ടു പന്നിയിറച്ചിക്ക് നല്ല രുചി, കഴിക്കാറുണ്ട്’; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്നും ജോര്‍ജ് എം. തോമസ് എം.എല്‍.എ


കര്‍ദിനാളിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ നിയമോപദേശം തേടി കേസെടുക്കുന്നതു വൈകിച്ച പൊലീസ് നടപടിയെ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പൊലീസ് കേസെടുക്കാതെ നിയമോപദേശം തേടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more