Advertisement
Kerala News
ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ നാലരക്കോടിയുടെ ഉറവിടം ഏതെന്ന് ഹൈക്കോടതി; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 19, 07:46 am
Thursday, 19th November 2020, 1:16 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രികാ ദിനപ്രതത്തിന് നല്‍കിയ നാലരക്കോടി രൂപയുടെ സാമ്പത്തിക ഉറവിടം എവിടെ നിന്നാണെന്ന് ഹൈക്കോടതി. മുസ്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്.

കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചന്ദ്രികാ ദിനപത്രത്തിന് നല്‍കിയ തുകയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും കോടതി വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി. എന്നാല്‍ ഇതേതുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തതെന്നും മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയായിരുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് അനുമതി നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ കരാര്‍ അനുവദിക്കുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞ് കൃത്യമായി പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു.

ഇതേതുടര്‍ന്ന് കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍.

ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞത്. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വിജിലന്‍സ് അറിയിച്ചു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പണമാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടി രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇബ്രാഹിം കുഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് വി. കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്.
ലേക്ക്ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ബുധനാഴ്ച രാവിലെ തന്നെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘം വീട്ടില്‍ കയറി പരിശോധന നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെ ലേക്ക്ഷോര്‍ ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Highcourt seeks the source of four and a half crore given by V.K Ibrahim Kunj to Chandrika daily