ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരം; ആവശ്യമെങ്കില്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി
Kerala News
ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരം; ആവശ്യമെങ്കില്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2023, 2:13 pm

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി. ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ചാനലിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എന്‍. നാഗരേഷാണ് ഹരജി പരിഗണിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയെ അറിയിച്ചു.

‘ചാനലിനെതിരെ ഇനിയും അതിക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഹരജിക്കാരനായ ചാനലിന്റെ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് ഓഫീസുകളില്‍ ഹരജിക്കാരന്‍ ആവശ്യപ്പെട്ടാല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണം,’ കോടതി വ്യക്തമാക്കി.

എസ്.എഫ്. ഐ നടത്തിയ പ്രതിഷേധത്തിന് ശേഷം തങ്ങള്‍ക്ക് ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഭീഷണികള്‍ വരുന്നുണ്ടെന്ന് ചാനല്‍ അധികൃതര്‍ കോടതിയെ ബോധിപ്പിച്ചു.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ പൊലീസിന് തുടരാമെന്നും കോടതി വ്യക്തമാക്കി. 2022 ല്‍ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് നിലവിലെ വിവാദങ്ങള്‍.

മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലായ പെണ്‍കുട്ടിയുടെ വാര്‍ത്തയില്‍ കേസുമായി ബന്ധമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഭിനയിപ്പിച്ചതാണ് വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വിഷയം ചൂണ്ടിക്കാണിച്ച് കൊച്ചി ഓഫീസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും കൊടിയുയര്‍ത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പൊലീസ് ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു.

പൊലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്ന് അസി. കമ്മീഷണര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധന മൂലം തങ്ങളുടെ രണ്ടു മണിക്കൂര്‍ നഷ്ടമായെന്നും ജോലി തടസപ്പെട്ടെന്നും കോഴിക്കോട് റീജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍ പറഞ്ഞു.

പരിശോധന മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാ?ഗമാണെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. ലഹരി മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിനെതിരായ വാര്‍ത്തയാണ് നല്‍കിയത്. ഇതില്‍ സി.പി.ഐ.എമ്മിനെ ചൊടിപ്പിക്കുന്നത് എന്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിയുപയോഗത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാര്‍ത്ത നല്‍കി. ആ പരമ്പരയെ മുഖ്യമന്ത്രിയടക്കം അഭിനന്ദിച്ചതുമാണ്.എന്തുമാകാമെന്ന ഫാസിസമാണ് കേരളത്തില്‍ നടക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ട പോക്‌സോ കേസാണ് അതിനാല്‍ കുട്ടിയെ കാണിക്കാന്‍ സാധിക്കില്ല. ആ കുട്ടിയുടെ അച്ഛന്‍ വരെ കാര്യം വിശദീകരിച്ചു. എന്തിനാണ് ഇങ്ങനെ സി.പി.ഐ.എം അസ്വസ്ഥപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Highcourt says provide police protection if channel seeks on Asianet news case