കൊച്ചി: കേരളത്തിലെ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂരബസ്സുകളില്‍ നിന്നു യാത്ര ചെയ്യുന്നതിന് നിയന്ത്രണം. ഇനിമുതല്‍ അതിവേഗ ബസ്സുകളില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കണെമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിലവിലെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ നിന്നു യാത്ര ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ബസ്സില്‍ സീറ്റുള്ളത് അനുസരിച്ചു മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഹ്രസ്വദൂര യാത്രക്കാരാണു ബസില്‍നിന്നു യാത്രചെയ്യുന്നതെന്ന് കെ.എസ്.ആര്‍.ടി.സി വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല. നിലവിലെ ഉത്തരവ് അനുസരിക്കണം. പിന്നീട് ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹനനിയമം സര്‍ക്കാരിനു ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
കൂടിയ നിരക്കുവാങ്ങുന്ന ബസുകളില്‍ ഇരുന്നു യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകള്‍ക്കാണ് ഉത്തരവ് ബാധകം. മോട്ടോര്‍ വാഹന നിയമം കര്‍ശനമായി കെ.എസ്.ആര്‍.ടി.സി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണു കോടതിയുടെ തീരുമാനം.