പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി
Daily News
പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2015, 2:43 pm

highcourt
കൊച്ചി: സംസ്ഥാനത്ത് പഞ്ചായത്തുകള്‍ വിഭജിച്ച സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഒരു പഞ്ചായത്തില്‍ 2 വില്ലേജുകളിലെ സ്ഥലങ്ങള്‍ വരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഇതോടെ പുതുതായി രൂപീകരിച്ച 69ഓളം പഞ്ചായത്തുകളുടെ രൂപീകരണം അസാധുവാകും.

വിഭജനം ചോദ്യം ചെയ്ത് 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്ത് ആക്ട് അനുസരിച്ച് വില്ലജുകള്‍ ഏത് പഞ്ചായത്തിലായാലും അത് പൂര്‍ണമായി നില നിര്‍ത്തണമെന്ന് നിയമമാണ്.

കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകള്‍ വിഭജിച്ച് പുതിയ നഗരസഭകള്‍ രൂപീകരിച്ച നടപടി ഹൈക്കോടതി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ വിഭജിച്ച് എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍നല്ലളം എന്നീ നഗരസഭകള്‍ രൂപീകരിച്ചതും തിരുവനന്തപുരം കോര്‍പറേഷന്‍ വിഭജിച്ച് കഴക്കൂട്ടം നഗരസഭ രൂപീകരിച്ചതുമാണ് കോടതി റദ്ദാക്കിയിരുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

വാര്‍ഡ് വിഭജന നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വരുന്ന ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ ഡിസംബറില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാവൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. അല്ലാത്ത പക്ഷം പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാടിന് എതിരായിരുന്നു.

വാര്‍ഡുകളുടെ പുനക്രമീകരണം കോടതി അംഗീകരിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍  തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു.