| Sunday, 14th July 2019, 2:45 pm

ശാന്തിവനം; സര്‍ക്കാര്‍ വിമര്‍ശന പോസ്റ്റിന്റെ പേരില്‍ സസ്പെന്‍ഷനിലായ അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എ.പി അനില്‍കുമാറിനെ സസ്പെന്റ് ചെയ്ത എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനായിരുന്നു സര്‍വ്വകലാശാല അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്.

ജൂണ്‍ മൂന്നാം തിയ്യതിയാണ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ എ.പി അനില്‍കുമാറിനെ സസ്പെന്റ് ചെയ്തത്. എം.എല്‍.എ എസ്. ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല അധികൃതരുടെ നടപടി.

ഇതിനു മുന്‍പും സര്‍വകലാശാല അനില്‍കുമാറിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. 2018 ആഗസ്റ്റ് 18ന്. ഫേസ്ബുക്ക് കുറിപ്പിട്ടതിനു തന്നെയായിരുന്നു സര്‍വകലാശാലയുടെ നടപടി. സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനക്കകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചതിനായിരുന്നു നടപടി. മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീനെ വിമര്‍ശിച്ചുള്ള കുറിപ്പായിരുന്നു അത്.

ഷറഫുദ്ദീന്‍ എം.ജി സര്‍വകലാശാലയുടെ എംപ്ലോയീസ് അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും ജീവനക്കാരുടെ സംസ്ഥാന ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയും സിന്‍ഡിക്കേറ്റു മെമ്പര്‍ കൂടിയായിരുന്നു.

സര്‍വകലാശാലയില്‍, 31 യോഗ്യതയില്ലത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കുന്നതുമായി ബന്ധപ്പെട്ട് പി.എസ്.സി വഴി പ്രവേശനം നേടിയവര്‍ സമരം ചെയ്തിരുന്നു. സ്ഥാനക്കയറ്റം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത് ഭൂരിപക്ഷവും ഇടതുപക്ഷ സംഘടനയിലുള്ള ആളുകള്‍ക്കായിരുന്നു. ഒരു പരിപാടിയില്‍ പ്രസംഗിക്കവേ പി.എസ്.സി വഴി പ്രവേശനം കിട്ടിയര്‍ക്കെതിരെ ഷറഫുദ്ദീന്‍ വളരെ മോശമായി സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് 2018 മെയ് 31ന് കൂടിയ സംഘടനയുടെ ജനറല്‍ ബോഡിയില്‍ ഷറഫുദ്ദീന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ അനില്‍കുമാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതുകഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വിശദീകരണം ചോദിക്കാതെ അനില്‍കുമാറിനെ പുറത്താക്കി.

തുടര്‍ന്ന് സംഘടനക്കകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഈ ഫേസ്ബുക്ക് കുറിപ്പ് ഉയര്‍ത്തിക്കാട്ടി, വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സസ്പെന്റു ചെയ്യുന്നത്. അതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ കോടതി വിധിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more