കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും രഹ്ന ഫാത്തിമ ഹരജിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ പറഞ്ഞത്.
പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് രഹ്നയുടെ ജാമ്യം കോടതി തള്ളിയത്.
അമ്മ കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു ചെയ്യിച്ചതാണിതെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.