| Friday, 14th January 2022, 2:13 pm

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ മുന്‍കൂര്‍  ജാമ്യ ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.

ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തെ തിങ്കളാഴ്ച പരിഗണിച്ച ഹരജി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് മൂലം എത്താനാവാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസുണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.

കേസിലെ മറ്റ് പ്രതികളും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ബന്ധു അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ഹരജി നല്‍കിയത്.

എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടന്‍ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ആരോപണം ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. കേസിലെ സാഗര്‍ എന്ന സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് ആവശ്യമായ ഇതിനു തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കിയത്.

അതേസമയം, ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദിലീപിന്റെ വീട്ടില്‍ നിന്നും മടങ്ങിയത്.

ഈ പരിശോധനയുടെ വിവരങ്ങളും കോടതിയെ അറിയിച്ചിരുന്നു. പരിശോധനയില്‍ ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം.

എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ അനുജന്‍ അനൂപിന്റെ വീട്ടിലും ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയിലും പരിശോധന നടന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more