ദിലീപിന്റെ ജാമ്യാപേക്ഷ ഈ മാസം 26 ലേക്ക് മാറ്റിവെച്ചു
Kerala
ദിലീപിന്റെ ജാമ്യാപേക്ഷ ഈ മാസം 26 ലേക്ക് മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2017, 2:37 pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി 26 ലേക്ക് മാറ്റിവെച്ചു. സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാലേ ജാമ്യം പരിഗണിക്കൂ എന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യഹര്‍ജി നീട്ടിവെച്ചത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി പറഞ്ഞു.


Also Read: ‘ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ ചാടും ചാടും എന്ന്, ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി’; കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭാര്യ


നാദിര്‍ഷയെയും കാവ്യയെയും ചോദ്യംചെയ്യാനുണ്ടെന്നും കോടതി പറഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതി സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാലേ ജാമ്യം പരിഗണിക്കൂ എന്നു വ്യക്തമാക്കുകയായിരുന്നു. ഇന്നലെ അങ്കമാലി സെഷന്‍സ് കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

50 കോടി രൂപയുടെ സിനിമാ പ്രോജക്ടുകള്‍ അവതാളത്തിലാണെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറഞ്ഞിരുന്നു. സാക്ഷികളെ താന്‍ സ്വാധീനിച്ചിട്ടില്ലെന്നും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍ക്ക് എ.ഡി.ജി.പി സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.സുനില്‍ കുമാര്‍ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളുടെ വാക്കുകളാണ് പൊലീസ് വിശ്വസിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.


Dont Miss: നല്ലത് ചെയ്യുന്നതിനെ നല്ലത് എന്ന് തന്നെ പറയും: പിണറായി സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതിയെ അഭിനന്ദിച്ച് പി.സി ജോര്‍ജ്ജ്


അഞ്ചാം തവണയാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കുന്നത്. മൂന്നാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ രണ്ടു തവണ നല്‍കിയതും ഹൈക്കോടതി തളളിയിരുന്നു. രണ്ടുതവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഇന്നലെ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.