| Saturday, 28th July 2012, 12:22 am

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് 'ദേശാഭിമാനി' ആനൂകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദേശാഭിമാനിക്കെതിരായ കേസില്‍ മുന്‍ സി.പി.ഐ.എം നേതാവും ദേശാഭിമാനി എഡിറ്ററുമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം. []

ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരിക്കെ പിരിച്ചുവിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ശമ്പളക്കുടിശ്ശികയും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന ലേബര്‍ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.   60 വയസുവരെയുള്ള ആനുകൂല്യങ്ങള്‍ ദേശാഭിമാനി അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് നല്‍കണമെന്ന് ലേബര്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പത്രമാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലേബര്‍ കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

അനധികൃതമായി പിരിച്ചുവിട്ടതാണെന്നും ഈ കാലയളവിലെ ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി മാനേജ്‌മെന്റ് അപ്പീല്‍ നല്‍കിയത്.  ഹാജരാകാത്തതിലല്ല പിരിച്ചുവിടലെന്ന് ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന പി. കരുണാകരന്‍ തയ്യാറാക്കിയ പത്രക്കുറിപ്പ് ദേശാഭിമാനിയിലുള്‍പ്പെടെ 2000 ജൂണ്‍ 12ന് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ്‌ കോടതി ഹരജിക്കാരുടെ വാദം തള്ളിയത്. പാര്‍ട്ടി അംഗമല്ലാത്തയാള്‍ക്ക് ദേശാഭിമാനിയില്‍ ജോലി ചെയ്യാന്‍ തടസ്സമില്ല. എന്നാല്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചടക്ക നടപടിക്ക് വിധേയനായി പുറത്തുപോയയാള്‍ക്ക് തുടരാന്‍ കഴിയില്ലെന്ന ദേശാഭിമാനി പ്രസ്താവന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ കാരണമില്ലാതെ പുറത്താക്കിയതാണെന്ന് വ്യക്തമാക്കുന്നു.

ഇതിന് പുറമേ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നയാളോട് എഴു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും വിശദീകരണം ചോദിക്കുകയോ രേഖാമൂലം മറ്റ് നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വള്ളിക്കുന്നിനുവേണ്ടി അഡ്വ. എ ജയശങ്കര്‍ ഹാജരായി.

1998 സെപ്റ്റംബര്‍ ഏഴിനാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനിയില്‍ നിന്ന് പുറത്താക്കിയത്. 2005 ഡിസംബര്‍ 20നാണ് വിരമിക്കേണ്ടിയിരുന്നത്.

We use cookies to give you the best possible experience. Learn more