| Thursday, 22nd October 2020, 8:43 am

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കമല്‍നാഥിനും നരേന്ദ്രസിംഗ് തോമറിനുമെതിരെ നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനും, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുമെതിരെ നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ഗ്വാളിയോര്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 23 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രദേശത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അനുമതി നല്‍കരുതെന്ന് ഗ്വാളിയോറിലെ 9 ജില്ലാ മജിസ്‌ട്രേറ്റുകളോട് കോടതി നിര്‍ദ്ദേശിച്ചു.

വിര്‍ച്വല്‍ ക്യാംപയിന്‍ സാധ്യമല്ലെന്ന് മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കുന്ന രീതിയില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയപാര്‍ട്ടിയോ സമീപിക്കുകയാണെങ്കില്‍ മാത്രം അനുമതി നല്‍കാവുന്നതാണ്.

കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് അനുമതി നല്‍കാവൂ എന്നും കോടതി പറഞ്ഞു.

ഇത്തരം അടിയന്തിര സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരു നിശ്ചിത തുക മജിസ്‌ട്രേറ്റിനെ എല്‍പ്പിക്കണമെന്നും യോഗം നടക്കുന്ന സ്ഥലത്തെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ മാസ്‌കും സാനിറ്റൈസറുകളും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം പൊതുപരിപാടികള്‍ക്കെത്തുന്ന എല്ലാ ജനങ്ങള്‍ക്കും മാസ്‌കും സാനിറ്റൈസറും നല്‍കുമെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പുവരുത്തണമെന്നും ഇത് സബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Highcourt Orders Action Aganist Kamal Nath Narendra Singh Tomar

We use cookies to give you the best possible experience. Learn more