പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് വെള്ളം ഒഴുക്കി കളയാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളഞ്ഞ് വെള്ളം ഒഴുക്കി കളയാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഇത്രയേറെ ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചോദിച്ച് ഹൈക്കോടതി തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും ഉത്തരവിട്ടു.
തടയണ സ്ഥിതി ചെയ്യുന്ന കക്കാടം പൊയിലില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
തടയണ സ്ഥിതി ചെയ്യുന്നതിന്റെ പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടികിടപ്പുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജിക്കാരുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.
ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കാളികളാവണമെന്നും കോടതി നിര്‍ദേശിച്ചു. തടയണ പൊളിച്ചു മാറ്റി വെള്ളം മുഴുവന്‍ ഒഴുക്കി കളയണം. അതിനുള്ള ചിലവ് തടയണ കെട്ടിയവര്‍ തന്നെ വഹിക്കുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം നിലമ്പൂരിലെ പോത്തുകല്ലില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വിതുമ്പിയ എം.എല്‍.എയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
‘ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചെട്ട് ദിവസമായി ഞാന്‍ നേരില്‍ കാണുകയാണ്. എന്തു പറയും എന്ത് ചെയ്യുമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ നമുക്ക് കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് എം.എല്‍.എ എന്ന നിലയില്‍ എന്ത് നിങ്ങള്‍ക്ക് ചെയ്ത് തരാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പു മുട്ടുകയാണ്. അത് കൊണ്ട് നമ്മളോരുത്തരും കഴിയുന്ന വിധം ഈ ജനങ്ങളെ സഹായിക്കേണ്ടതുണ്ട്. ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്. തുടക്കമെന്ന നിലയില്‍ എന്നാല്‍ കഴിയുന്ന നിലയില്‍ റീബില്‍ഡ് കേരളയ്ക്ക് പത്ത് ലക്ഷം രൂപ വ്യക്തിപരമായി നല്‍കുകയാണ്. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് നിങ്ങളുടെ ഒരു സഹോദരനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറയുകയാണ്.’ എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.