| Monday, 15th April 2024, 4:40 pm

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്; ചട്ടലംഘനം തെളിഞ്ഞാല്‍ സംപ്രേക്ഷണം നിര്‍ത്തിവെപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ബിഗ് ബോസ് സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ഉത്തരവ്.

എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശ് എസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിരിക്കുന്നത്. ചട്ടലംഘനം തെളിഞ്ഞാല്‍ പരിപാടിയുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ മന്ത്രാലയത്തിന് നിര്‍ദേശിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

പരിപാടിയില്‍ ശാരീരികമായ ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കുമെന്നും ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവെപ്പിക്കണമെന്നും ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖും എം.എ. അബ്ദുള്‍ ഹക്കിമും ചൂണ്ടിക്കാട്ടി. ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

1995ലെ ടെലിവിഷന്‍ റെഗുലേഷന്‍ നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കപ്പെട്ടിട്ടുള്ളതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ രീതിയിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹരജിക്കാരന്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി എന്ന ഹസീബ് എസ്.കെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് റോക്കിയെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഇതിനുപുറമെ ബിഗ് ബോസ് പരിപാടിയില്‍ LGBTQIA+ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരില്‍ ദിശ സംഘടന ബി.സി.സി.സി (കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സില്‍) പരാതി നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Highcourt order to check Big Boss content

We use cookies to give you the best possible experience. Learn more