സി.എം.ആര്‍.എല്‍-എക്‌സാലോജിക് കരാര്‍; ഗിരീഷ് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പിന്‍വലിക്കണമെന്ന ഗിരീഷ് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഗീരീഷ് ബാബു മരിച്ചതിനാല്‍ ഹരജിയുമായി മുന്നോട്ട് പോകാനില്ലെന്ന് ഗിരീഷ് ബാബുവിന്റെ കുടുംബം വ്യക്തമാക്കിയതായി അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു.
എന്നാല്‍ ഹരജിയില്‍ കുടുംബം പങ്കുചേരേണ്ടതില്ലെന്നും റിവിഷന്‍ ഹരജി നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി.
റിവിഷന്‍ ഹരജിയിലെ എതിര്‍ കക്ഷികളായ എക്‌സാലോജിക് കമ്പനി ഉടമ വീണ വിജയന്‍, മുഖ്യ മന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ എം.എല്‍.എമാരായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിജിലന്‍സ് കോടതി കേസ് തള്ളിയത്.
ഹരജി സ്വീകരിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിരീക്ഷിച്ചതിന് പിന്നാലെ ഹരജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Highcourt on CMRL Exalogic inquiry petition