കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല; നിരോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
Kerala News
കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല; നിരോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd August 2018, 7:57 pm

കൊച്ചി: ക്രൈസ്തവര്‍ക്കിടയിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.

കുമ്പസരിക്കണമെന്നത് നിയമപരമായി നിര്‍ബന്ധമല്ലാത്തതിനാല്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറയാന്‍ കഴിയില്ല. കുമ്പസരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. കുമ്പസരിക്കുമ്പോള്‍ എന്ത് പറയണമെന്നും വ്യക്തികള്‍ക്ക് തീരുമാനിക്കാം. അത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. ഒരു വിശ്വാസം തിരഞ്ഞെടുക്കാനും അതില്‍ നിന്നും പുറത്തുപോകാനും വ്യക്തിക്ക് അവകാശമുണ്ട്. എല്ലാവരും പള്ളി നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

വിശ്വാസി ആയിരിക്കുമ്പോള്‍ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം സ്വദേശി സി.എസ് ചാക്കോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിവിധി. വിവിധ സഭകള്‍ വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ചെയ്തുകൊടുക്കാന്‍ കുമ്പസാരം നിഷ്‌കര്‍ഷിക്കുന്നതു മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.