| Wednesday, 31st March 2021, 3:56 pm

ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗീകരിച്ച് ഹൈക്കോടതി; ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗീകരിച്ച് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി പറഞ്ഞു. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.

ഇരട്ടവോട്ടുള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ ഒരു ബൂത്തില്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളു എന്ന് സത്യവാങ്മൂലം വാങ്ങണമെന്നും കോടതി പറഞ്ഞു. സുഗമമായ വോട്ടെടുപ്പിന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇരട്ടവോട്ട് മരവിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ചെന്നിത്തല കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്, പിഴവ് തിരുത്താനുള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ലെന്നും അതിനാല്‍ വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പിഴവ് ചൂണ്ടിക്കാട്ടിയില്ല. കള്ളവോട്ട് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശനനിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ ഇടപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Highcourt judgment on double vote case raised by Ramesh Chennithala

Latest Stories

We use cookies to give you the best possible experience. Learn more