അപകടം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; സംഭവം നടക്കുന്നത് ഇതാദ്യമല്ല; താനൂര്‍ ബോട്ടപകടത്തില്‍ ഇടപെട്ട് ഹൈക്കോടതി
Kerala News
അപകടം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; സംഭവം നടക്കുന്നത് ഇതാദ്യമല്ല; താനൂര്‍ ബോട്ടപകടത്തില്‍ ഇടപെട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 12:06 pm

കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ഇടപെട്ട് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. അപകടത്തില്‍ കുട്ടികളടക്കം 22 പേരാണ് മരിച്ചതെന്നും ഇത് കണ്ട് കണ്ണടച്ചിരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും അപകടത്തില്‍ ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല ഉത്തരവാദിയെന്നും കോടതി വിമര്‍ശിച്ചു. ഇയാള്‍ക്ക് മറ്റു സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.

‘ഇത്തരം സംഭവം കേരളത്തില്‍ ഇതാദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറേ കഴിയുമ്പോള്‍ എല്ലാവരും എല്ലാം മറക്കുന്നു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇത് കണ്ട് കണ്ണടച്ചിരിക്കാന്‍ കോടതിക്ക് സാധിക്കില്ല’, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അപകടത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നും കോടതി ചോദിച്ചു. ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ ആരെല്ലാമാണെന്ന് പരിശോധിച്ച് അറിയിക്കാന്‍ കോര്‍ട്ട് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അപകടമുണ്ടായ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നരഹത്യ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നാസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ടാണ് താനൂര്‍ തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി 22 പേര്‍ മരിച്ചത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Contenthighligh: Highcourt intervened in tanur boat accident