| Tuesday, 25th June 2019, 3:33 pm

കേന്ദ്രവിലക്ക് മറികടന്നു; 'റീസണിന് 'പ്രദര്‍ശനാനുമതി ;ആനന്ദ് പട്‌വര്‍ധന് നിയമ വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദുത്വവാദികളുടെ ആക്രമണത്തെക്കുറിച്ച് വിവരിക്കുന്ന ആനന്ദ് പട്വര്‍ധന്റെ റീസണ്‍ എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ചലച്ചിത്ര അക്കാദമിയും പട്‌വര്‍ധനും നല്‍കിയ ഹരജിയിലാണ് അനുമതി.

26 ാം തിയതി തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാല്‍ ചലച്ചിത്ര അക്കാദമിക്ക് പ്രദര്‍ശനം നീട്ടി വെക്കേണ്ടി വരികയായിരുന്നു. കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടിക്കെതിരായിരുന്നു ഇരുകൂട്ടരും ഹൈക്കോടതിയെ സമീപിച്ചത്. തന്റെ സിനിമ കാണുക പോലും ചെയ്യാതെ കലാപമുണ്ടാക്കുന്ന സൃഷ്ടിയെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നെന്ന് ഹരജിയില്‍ പട്‌വര്‍ധന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനെ കൂടി ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാനദിവസത്തേക്കാക്കി കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു.

ഡോക്യുമെന്ററിയുടെ ‘ഉള്ളടക്കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍’ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം കേന്ദ്രമന്ത്രാലയത്തില്‍ നിന്നും സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകൂ.

ഇത് രണ്ടാം തവണയാണ് കേരളാ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെല്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2017ല്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭം, രോഹിത് വെമുല സംഭവം, കശ്മീര്‍ വിഷയം എന്നിവ പരാമര്‍ശിക്കുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു.

അക്കാദമി കേരള ഹൈക്കോടതിയെ സമീപിക്കുകയും ക്ലിയറന്‍സ് നേടിയെടുക്കുകയും ചെയ്തതോടെയാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more