ഗാന്ധിനഗർ: അംഗനവാടി ജീവനക്കാരെ സർക്കാർ സർവീസിൽ ഉൾപ്പെടുത്താൻ നയം രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ 1.06 ലക്ഷം സ്ത്രീകൾക്കും രാജ്യത്തുടനീളമുള്ള 24 ലക്ഷത്തിലധികം സ്ത്രീകൾക്കും പ്രയോജനം ലഭിക്കുന്ന ഒരു സുപ്രധാന വിധിയായി ഇത് പരിഗണിക്കപ്പെടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൻ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻ്റ് സർവീസസ് (ICDS) ന് കീഴിൽ അംഗനവാടി വർക്കേഴ്സിന്റെയും അംഗനവാടി ഹെൽപ്പേഴ്സിന്റെയും ജോലികൾ കൊണ്ടുവരുന്നതിനായി സംയുക്തമായി ഒരു നയം രൂപീകരിക്കാൻ ജസ്റ്റിസ് നിഖിൽ കരിയൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദേശം നൽകി.
1967ലെ ഗുജറാത്ത് സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ ആൻഡ് റിക്രൂട്ട്‌മെൻ്റ്) (ജനറൽ) ചട്ടങ്ങൾക്ക് കീഴിലാണ് ഗുജറാത്തിലെ സർക്കാർ സർവീസിൽ അംഗനവാടി ജീവനക്കാരെ ഉൾപ്പെടുത്തുന്നത്. ക്ലാസ് മൂന്നിന് ലഭ്യമായ മിനിമം ശമ്പള സ്‌കെയിലിൽ അംഗനവാടി ജീവനക്കാർക്കും ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
അംഗനവാടി വർക്കേഴ്സിന് 10,000 രൂപയും അംഗനവാടി ഹെൽപ്പേഴ്സിന് 5,500 രൂപയും ആണ് ശമ്പളമായി നൽകുന്നത്. ഇത് ക്ലാസ് നാലിൽ ജോലി ചെയ്യുന്ന ജീവനക്കാരേക്കാൾ കുറവാണെന്നും കോടതി പറഞ്ഞു.
10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന അംഗനവാടി ജീവനക്കാരുടെയും അംഗനവാടി ഹെൽപ്പേഴ്സിന്റെയും സേവനവും മിനിമം വേതനവും ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2015ൽ സമർപ്പിച്ച നൂറുകണക്കിന് ഹരജികൾക്കുള്ള മറുപടിയിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.
അംഗനവാടി ജീവനക്കാർക്ക് നൽകുന്ന വേതനം അവർ ചെയ്യുന്ന സേവനവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. ‘ഐ.സി.ഡി.എസ് പോലുള്ള ഒരു പരിപാടി നടത്തുന്നതിൽ സർക്കാർ അഭിമാനിക്കുമ്പോളും തൊഴിലാളികൾക്ക് വളരെ കുറച്ച് പ്രതിഫലം മാത്രമേ ആ പദ്ധതിയിലൂടെ ലഭിക്കുന്നുള്ളു,’ കോടതി ഉത്തരവിൽ പറഞ്ഞു.
Content Highlight: highcourt formulates policy to absorb anganawadi staffs in govt service.