കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. ദിലീപിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദിലീപിന് ജാമ്യം നല്‍കരുതെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍ കോടതി പറയുന്ന ഏത് ജാമ്യാപേക്ഷയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
ജാമ്യ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച കോടതി വാദം കേട്ടിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിനു സാധ്യതയുണ്ട്. അതേസമയം കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിച്ച് ജാമ്യം ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.
നടിയെ ആക്രമിച്ചകേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനോടകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്ന പോലീസ് ഇതില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.