പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് താമസിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
Kerala News
പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് താമസിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st June 2018, 3:38 pm

കൊച്ചി: പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് താമസിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കികൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

പത്തൊന്‍പതു വയസുള്ള മകളെ പതിനെട്ടുകാരന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച്, ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. മകളെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നും പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


Also Read ദുരഭിമാനക്കൊല; കെവിനെ കാണാതായപ്പോള്‍ തന്നെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു, തെറ്റിദ്ധരിപ്പിച്ചത് എസ്.പിയെന്നും റിപ്പോര്‍ട്ട്

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതിക്ക് ഇക്കാര്യത്തില്‍ സൂപ്പര്‍ രക്ഷിതാവ് ചമയാനാവില്ലെന്നും ജസ്റ്റിസുമാരായ വി ചിദംബരേഷും കെവി ജ്യോതീന്ദ്രനാഥും പറഞ്ഞു. യാഥാസ്ഥികരായ ഒരു വിഭാഗത്തിനു യോജിക്കാനാവില്ല എന്നതുകൊണ്ട് പ്രായപൂര്‍ത്തിയായ ഒരാളുടെ അവകാശത്തെ കോടതിക്കു നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയോടൊപ്പം ജീവിക്കാനോ വിവാഹത്തിനുള്ള പ്രായമാവുമ്പോള്‍ വിവാഹം കഴിക്കാനോ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.