| Tuesday, 27th February 2018, 2:44 pm

ശുഹൈബ് കേസ്; സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശുഹൈബിനെ കൊലപ്പെടുത്തിയ ആയുധം ഇത്രയും ദിവസങ്ങളായിട്ട് കണ്ടെത്താന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്ന് ചോദിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പൊലീസില്‍ ചാരന്മാരുണ്ടെന്ന കണ്ണൂര്‍ എസ്.പിയുടെ പരാമര്‍ശവും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ വിമര്‍ശനം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

കേസില്‍ സി.പി.ഐ.എം ജില്ലാ നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതികള്‍ ബോംബ് ഉപയോഗിച്ചിട്ടും യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ പ്രധാനമായും മൂന്ന് നിരീക്ഷണങ്ങളാണ് കോടതി ഇന്ന് നടത്തിയത്. കേസിലെ പ്രധാന തെളിവുകളിലൊന്നായ ശുഹൈബിനെ കൊലപ്പെടുത്തിയ ആയുധം ഇതുവരെ കണ്ടെത്താനാവാത്തത് എന്താണെന്ന് കോടതി ചോദിച്ചു. പൊലീസ് സേനയില്‍ ചാരന്മാരുണ്ടെന്ന കണ്ണൂര്‍ എസ്.പിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനമെന്തെന്നും കോടതി ചോദിച്ചു.

സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതിയില്‍ പറഞ്ഞില്‍ ഇടപെട്ട കോടതി തന്റെ മുന്നിലുള്ളത് ഒരു മനുഷ്യനെ വെട്ടിക്കൊന്ന ചിത്രങ്ങളാണെന്നും അതില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്നായിരുന്നു സി.ബി.ഐ നിലപാട്. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സി.ബി.ഐയില്‍ നിന്നും കൂടുതല്‍ വിശദീകരണം തേടാനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു.

We use cookies to give you the best possible experience. Learn more