കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ സി.ഐ.ടി.യു നേതാവ് മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നതെന്നും പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും കോടതി വിമര്‍ശിച്ചു. തല്ലിക്കോ ബാക്കി ഞങ്ങള്‍ നോക്കാം എന്ന സമീപനമാണ് പൊലീസില്‍ നിന്നും ഉണ്ടായതെന്നും കോടതി പറഞ്ഞു.
പൊലീസിന്റെ സാന്നിധ്യത്തില്‍ കോടതി ഉത്തരവ് നിലനില്‍ക്കെ ഒരാള്‍ക്ക് മര്‍ദനമേല്‍ക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കെ അടി കൊണ്ടത് ബസ് ഉടമക്കായിരുന്നുവെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണെന്നും കോടതി പറഞ്ഞു.
‘കോടതിയിലും ലേബര്‍ ഓഫീസറുടെ മുന്നിലുമെല്ലാം തോല്‍ക്കുമ്പോള്‍ ട്രേഡ് യൂണിയനുകള്‍ ചെയ്യുന്നത് ഇത് തന്നെയാണ്. അതറിഞ്ഞ് കൊണ്ടാണ് പൊലീസ് സംരക്ഷണത്തിന് ഉത്തരവ് നല്‍കിയത്. എന്നാല്‍ ഉത്തരവ് നിലനില്‍ക്കെയാണ് സംഭവം ഉണ്ടായത്,’ കോടതി പറഞ്ഞു.
കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. പെട്ടെന്നാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്തിയോ എന്ന് കോട്ടയം എസ്.പിയോട് കോടതി ചോദിച്ചു. സംഭവത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കുമരകം എസ്.എച്ച്.ഒക്കും ഡി.വൈ.എസ്.പിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.
നേരത്തെ സി.ഐ.ടിയു കൊടിക്കുത്തിയ സ്വകാര്യ ബസ് പൊലീസ് സംരക്ഷണത്തില്‍ ഓടിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം കൊടി നീക്കാന്‍ ശ്രമിച്ചപ്പോള്‍ സി.ഐ.ടിയു നേതാവ് ബസുടമയെ മര്‍ദിച്ചു. തുടര്‍ന്ന് സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Content Highlight: Highcourt criticises police over citu case