കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ അങ്കമാലി രൂപതയുടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിലവില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു. ഉത്തരവിന് അടുത്ത ദിവസം തന്നെ കേസെടുക്കാമായിരുന്നിട്ടും എന്തുകൊണ്ടാണ് വൈകിപ്പിച്ചതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു.
കോടതി വിധികളോടുള്ള സര്‍ക്കാരിന്റെ അലസ മനോഭാവമാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. കോടതിയോടുള്ള സര്‍ക്കാരിന്റെ ഈ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം അവധി ദിവസം ആയതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ അവധി ദിവസം കേസെടുക്കാന്‍ പാടില്ല എന്നു നിയമമുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
സര്‍ക്കാരിന്റെ ഇത്തരം നടപടിയില്‍ അതൃപ്തിയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ നടപടി എടുക്കുന്നില്ലെന്നും കോടതി പറഞ്ഞു.