| Tuesday, 4th May 2021, 5:22 pm

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചത് പ്രശംസനീയം; സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. ആര്‍.ടി.പി.സി.ആര്‍ പരിശോധന കുറച്ച നടപടി പ്രശംസനീയമാണെന്നാണ് കോടതി പറഞ്ഞത്.

നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഹരജി നല്‍കിയിരുന്നു. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സര്‍ക്കാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ലാബ് ഉടമകളും കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജികള്‍ ഒത്തു തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ടെസ്റ്റുകള്‍ അവശ്യ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞിരുന്നു.

സ്വകാര്യ ആശുപത്രികളിലും ലാബുകളിലും അമിത ചാര്‍ജ് ഈടാക്കുന്ന നടപടി ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നുവെന്ന് വ്യാപക പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഓരോ രോഗിയും പ്രതിദിനം രണ്ട് പി.പി.ഇ കിറ്റുകളുടെ വരെ പണം നല്‍കേണ്ടി വരുന്നു. വിവിധ പേരുകളിലാണ് ആശുപത്രികള്‍ ഇത് ഈടാക്കുന്നതെന്നും ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ല. 10 പേരുള്ള വാര്‍ഡില്‍ ഓരോ രോഗിയില്‍ നിന്നും പി.പി.ഇ കിറ്റിനുള്ള പണം ഈടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

രണ്ടാം തരംഗം കൂടുതല്‍ കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കും അതിനാല്‍ സര്‍ക്കാര്‍ ഒരു പോളിസി കൊണ്ടു വരുന്നതാണ് ഉചിതം എന്നും ഇത് ഏറെ പൊതു താത്പര്യം ഉള്ള വിഷയമാണെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഉടമകള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വാദം. ഇല്ലെങ്കില്‍ സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണം.

നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകള്‍ പറയുന്നു.

1700 രൂപയായിരുന്ന സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത് ഏപ്രില്‍ 30നാണ്. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ചുകൊണ്ട് ലാബുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ചെലവുകളുടെ ഒരുഭാഗം പോലും കണ്ടെത്താനാവില്ലെന്നായിരുന്നു ലാബുകള്‍ അന്ന് പറഞ്ഞിരുന്നത്.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്.

മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 1500 രൂപയാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Highcourt congratulates Kerala government for reducing RTPCR rate

We use cookies to give you the best possible experience. Learn more