| Friday, 28th April 2017, 11:09 am

മണിയുടെ പ്രസംഗം ഗൗരവതരം; സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിയുടെ പ്രസംഗം ഗൗരവതരം; സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി

കൊച്ചി: മന്ത്രി എം.എം മണിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മണിയുടെ പ്രസംഗം അതീവ ഗൗരവതരമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഇവിടെ എന്തും നടക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു.

മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ മണിയുടെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നിലപാടെടുത്തത്.

മണി സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് പറഞ്ഞത് എന്നും സര്‍ക്കാര്‍ അഭിഭാഷന്‍ വ്യക്തമാക്കി.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ എന്തും പറയാമെന്നാണോ ഇവര്‍ കരുതുന്നതെന്നും അവര്‍ക്കും പൗരാവകാശമുണ്ടെന്നും അക്കാര്യം ആരും മറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹരജിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും എന്ത് സാഹചര്യത്തിലാണ് മണിയുടെ പ്രസംഗമെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത സിറ്റിങ്ങില്‍ കേസ് വീണ്ടും പരിഗണിക്കും.

ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.എം മണി ഇന്ന് വ്യക്തമാക്കിയിരുന്നു. തന്റെ ശൈലി ഇങ്ങനെ തന്നെ തുടരുമെന്നും ശൈലി മാറ്റിയാല്‍ പിന്നെ താനില്ലെന്നമായിരുന്നു മണിയുടെ പ്രസ്താവന.

വിവാദമുണ്ടാകാന്‍ കാരണമായതിനാലാണ് തനിക്കെതിരെ ശിക്ഷാ നടപടി കൈക്കൊണ്ടത്. അല്ലാതെ മറ്റ് കാരണങ്ങള്‍ കൊണ്ടല്ല. പാര്‍ട്ടിയുടെ ശാസന ഉള്‍ക്കൊള്ളുന്നു. തന്റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് വിലയിരുത്തിയിട്ടില്ല. പ്രസംഗത്തിന്റെ പേരില്‍ വിവാദമുണ്ടായത് ശരിയാണ്. ഇനി വിവാദമുണ്ടാക്കാതെ ശ്രദ്ധിക്കും. അല്ലാതെ ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സ്ത്രീ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടെന്നും എം.എം മണി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more