| Tuesday, 14th November 2017, 10:59 am

മന്ത്രിക്ക് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇത് വിശദീകരിച്ചിട്ടുമതി വാദം; തോമസ് ചാണ്ടിയുടെ ഹരജിയുടെ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരെ മന്ത്രി ഹരജി നല്‍കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ഡിവിഷെന്‍ ബെഞ്ച് ചോദിച്ചു.

ഞാന്‍ മന്ത്രിക്ക് വേണ്ടിയാണ് ഇവിടെ ഹാജരാകുന്നതെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകന്‍ വിവേക് തന്‍ഖ വാദം തുടങ്ങുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍.

എങ്ങനെയാണ് ഒരു മന്ത്രിക്ക് ഹരജി സമര്‍പ്പിക്കാന്‍ കഴിയുകയെന്നും ആ ഹരജി എങ്ങനെ നിലനില്‍ക്കുമെന്നും അക്കാര്യം വിശദീകരിച്ചിട്ടുമതി വാദം എന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

മന്ത്രി ഭരണസംവിധാനത്തെ എങ്ങനെ ചോദ്യം ചെയ്യും? ഹരജിയുടെ ആദ്യവരിയില്‍ പരാതിക്കാരന്‍ മന്ത്രി എന്നുപറയുന്നു, മന്ത്രിക്ക് ഹരജി നല്‍കാന്‍ കഴിയില്ല. ഒരു വ്യക്തിക്കേ ഹരജി നല്‍കാന്‍ കഴിയൂ. മന്ത്രി ഹരജി ഫയല്‍ ചെയ്യുന്നത് അപൂര്‍വം സംഭവമാണെന്നും കോടതി നിരീക്ഷിച്ചു.

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് അഞ്ച് ഹരജികള്‍ ഒരുമിച്ചാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിവേക് തന്‍ഖ ഹാജരായ, തോമസ് ചാണ്ടി നല്‍കിയ ഹരജിയായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണിച്ചത്.

കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട റവന്യൂമന്ത്രിയേയും ഹൈക്കോടതി വിമര്‍ശിച്ചു. റവന്യൂമന്ത്രി എന്തിനാണ് കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മന്ത്രിക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ് തെളിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസ് പിന്‍വലിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി വീണ്ടും ചേരുനന്‌പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തോമസ് ചാണ്ടിയോട് കോടതി ആവശ്യപ്പെട്ടു.

മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു കോടതി ചൂണ്ടിക്കാട്ടി. വളരെ അപൂര്‍വ്വമായ കേസെന്നാണ് കോടതി കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞത്. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം തോമസ് ചാണ്ടിക്കെതിരായ ആരോപണം മന്ത്രിയാകുന്നതിന് മുമ്പുള്ളതെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മന്ത്രിയെ ന്യായീകരിച്ച അഭിഭാഷകനേയും സ്‌റ്റേറ്റ് അറ്റോണിയേയും കോടതി വിമര്‍ശിക്കുകയായിരുന്നു

തോമസ് ചാണ്ടിയുടെ അഭിഭാഷകനേയും കോടതി വിമര്‍ശിച്ചു. കോടതി നിങ്ങളെ സംരക്ഷിക്കണമോയെന്നായിരുന്നു തന്‍ഖയോടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.

Latest Stories

We use cookies to give you the best possible experience. Learn more