കൊച്ചി: വരാപ്പുഴയില്‍ വീടാക്രമണ കേസുമായി ബന്ധപ്പെട്ട് പറവൂര്‍ മജിസ്‌ട്രേട്ടിനെതിരായ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാത്തതിന് കാരണം വിശദമാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് തന്നെ മറുപടി നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. .
ഈ മാസം ഏഴാം തീയതിയാണ് പ്രതികളെ പറവൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ചത്. അപ്പോള്‍ റിമാന്‍ഡ് ചെയ്യാതെ ശ്രീജിത്ത് അടക്കമുള്ളവരെ ജഡ്ജി മടക്കി അയച്ചെന്നാണ് വരാപ്പുഴ എസ്.പി പരാതിപ്പെട്ടിരിക്കുന്നത്.
കസ്റ്റഡിയില്‍ എടുത്തതിന്റെ അടുത്ത ദിവസമാണ് ശ്രീജിത്തിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ എത്തിച്ചതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴി സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. എട്ടാം തീയതിയാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.
ശ്രീജിത്തിനെ കൊണ്ടുപോയ വാഹനം വഴിമാറി സഞ്ചരിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊലീസ് ജീപ്പ് കടന്നുപോയ കടമക്കുടി തുണ്ടത്തുംകടവിലെ അനാഥാലയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രത്യേക സംഘം ശേഖരിച്ചു.
നേരത്തെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒമ്പത് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് നോര്‍ത്ത് പറവൂര്‍ ജെ.എഫ്.സി.എം-2 കോടതി പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത ഒരാളൊഴികെയുള്ള പൊലീസുകാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.