ജയമാല ഉള്‍പ്പെട്ട ശബരിമല ദേവപ്രശ്‌നക്കേസ് ഹൈക്കോടതി റദ്ദാക്കി
Kerala
ജയമാല ഉള്‍പ്പെട്ട ശബരിമല ദേവപ്രശ്‌നക്കേസ് ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2012, 11:30 am

കൊച്ചി: കന്നട നടി ജയമാല ഉള്‍പ്പെട്ട ശബരിമല വിവാദ ദേവപ്രശ്‌ന കേസ് ഹൈക്കോടതി റദ്ദാക്കി. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്കും നടി ജയമാലക്കുമെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജയമാലയും, ഉണ്ണികൃഷ്ണപ്പണിക്കരും പണത്തിന് വേണ്ടി വിവാദ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നുവെന്നാണ് കേസ്. എന്നാല്‍ ഇതിനെതിരെ ഇവര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയിന്‍മേലാണ് കോടതി വിധി.

2006 ജൂണിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണു വിവാദമായത്.

ഒരു സ്ത്രീ ശബരിമല ശ്രീകോവിലിലെ മുഖ്യ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണപ്പണിക്കരുടെ പ്രവചനം. അടുത്ത ദിവസം പ്രമുഖ നടിയായ ജയമാല ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച സ്ത്രീ താനാണെന്നു വ്യക്തമാക്കി. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു.

10 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനു വിലക്കുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച്‌ വിഭാഗത്തിലെ സൂപ്രണ്ടായ രാമചന്ദ്രന്‍ നായര്‍ നടത്തിയ അന്വേഷണത്തില്‍ ജയമാലയുടെ ശബരിമല ദര്‍ശനം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണപ്പണിക്കരും മറ്റു ചിലരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നു ജയമാല ക്രൈബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണപ്പണിക്കര്‍ ജയമാലയുടെയും ജോത്സ്യരായിരുന്നു. വിശ്വസ്തനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യാനുസരണം പ്രവര്‍ത്തിച്ചതെന്നായിരുന്നു ജയമാല പറഞ്ഞിരുന്നത്. തുടര്‍ന്ന് ജയമാലയെയും കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഉണ്ണികൃഷ്ണപ്പണിക്കര്‍ കേസില്‍ ഒന്നാം പ്രതിയും സഹായിയായ രഘുപതി രണ്ടാം പ്രതിയും ജയമാല മൂന്നാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.