| Wednesday, 17th May 2023, 8:51 am

കുട്ടികളെ തീ ചാമുണ്ടികോലം കെട്ടിച്ച സംഭവം; മലബാര്‍ ദേവസ്വം ബോര്‍ഡിനെയും കക്ഷി ചേര്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുട്ടികളെ അഗ്നികോലം കെട്ടിക്കുന്നതിനെതിരായി നല്‍കിയ പൊതു ഹരജിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെയും തെയ്യം നടത്തിയ പാരമ്പര്യ ട്രസ്റ്റുകളെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കോട്ടക്കലിലെ ദിശ എന്ന സംഘടനയാണ് ഹരജി നല്‍കിയിരുന്നത്. തീ ചാമുണ്ടി തെയ്യത്തില്‍ നിന്നും കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹരജി മെയ് 22ന് വീണ്ടും പരിഗണിക്കും.

നേരത്തെ ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊണ്ട് കോലം കെട്ടിച്ചിരുന്നു. ഇതിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. സംഭവം മാധ്യമ വാര്‍ത്തയായതിന് പിന്നാലെയായിരുന്നു കമ്മിഷന്‍ കേസെടുത്തത്.

കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ വരെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് അവരെ തെയ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്നും ഇതിനെ തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെയാണ് ഒറ്റക്കോല്‍ തെയ്യത്തിനായി ഉപയോഗിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. പഴയ ജന്മിവ്യവസ്ഥയുടെ അവശിഷ്ടമാണിതെന്നും ഹരജിയില്‍ പറയുന്നു.

എരിയുന്ന കനലിലേക്കാണ് കുട്ടികള്‍ തീ ചാമുണ്ടി തെയ്യം കെട്ടി ചാടുന്നത്. തീയെ ചെറുക്കാന്‍ ശരീരത്തില്‍ കുരുത്തോല കൊണ്ടുള്ള കവചം മാത്രമാണുണ്ടാകുക. തീയിലേക്ക് ചാടുമ്പോള്‍ തന്നെ പിടിച്ച് മാറ്റുമെങ്കിലും ഏറെ അപകടം നിറഞ്ഞതാണ് തീ ചാമുണ്ടി തെയ്യം.

Contenthighligh: Highcourt against using childrens for thee chamundi theyyam

We use cookies to give you the best possible experience. Learn more