കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനേയും മകളേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സംഭവത്തില്‍ ആരോപണവിധേയായ ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഈ പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നത് കുറച്ചു കാണാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. എന്തുകൊണ്ടാണ് വഴിയില്‍ കണ്ട കുട്ടിയോട് മൊബൈല്‍ ഫോണിനെ കുറിച്ച് ചോദിച്ചതെന്നും കോടതി ചോദിച്ചു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണയ്ക്കിരയായ തോന്നയ്ക്കല്‍ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പെണ്‍കുട്ടി ഹരജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളിയെന്ന് വിളിച്ചെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹരജിയില്‍ പറയുന്നു.
ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.
എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.
സംഭവത്തില്‍ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും രജിതയെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റിയതല്ലാതെ വേറെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.