| Wednesday, 10th April 2019, 4:09 pm

നടിയെ അക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസിലെ പ്രതി ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യമല്ലെയെന്നും ഹൈകോടതി ചോദിച്ചു.

കേസിലെ ആറാംപ്രതിയായ പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.കഴിഞ്ഞദിവസം സംസ്ഥാനസര്‍ക്കാര്‍ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു ഇതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമാക്കിയത്.കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ കാരണമായേക്കാമെന്നും കോടതി വിമര്‍ശിച്ചു.

നടിയെ അക്രമിച്ചതിന് തെളിവായി പറയുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. വനിതാ ജഡ്ജിന് മുന്‍പാകെയുള്ള വിചാരണനിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയും പരിഗണനയിലുണ്ട്.

ഈ ഹരജികളിലെല്ലാം തീരുമാനമാകുന്നതു വരെ കുറ്റം ചുമത്തില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇതേ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേടതിയിലും എടുത്തത്. അതിനിടെയാണ് കുറ്റം ചുമത്താനുള്ള അധികാരം മജിസ്‌ട്രേറ്റിനോ കോടതിക്കോ അല്ലേ എന്ന് കോടതി ചോദിച്ചത്.

We use cookies to give you the best possible experience. Learn more