ബി.ജെ.പിയുടെ വഴി തടയല്‍; മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചു
Kerala News
ബി.ജെ.പിയുടെ വഴി തടയല്‍; മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 10:06 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചു. ബി.ജെ.പി വഴി തടയല്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം. യാത്രാവേളകളിലും പരിപാടികളിലുമാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.

ഓരോ സ്ഥലങ്ങളിലേയും പൈലറ്റ് വാഹനങ്ങളുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും എണ്ണം കൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് വഴി തടയല്‍ പ്രക്ഷോഭം നടത്തുന്നത്.


നമ്പി നാരായണനെ ദ്രോഹിച്ചിട്ടില്ല; താന്‍ കുറ്റക്കാരനാണെങ്കില്‍ ഇ.കെ നായനാരായിരിക്കും ഒന്നാം പ്രതി; സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി ടി.പി സെന്‍കുമാര്‍


മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് പ്രതിഷേധം നടത്തുക. ഇതിന്റെ ഭാഗമായി ഇന്ന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയുടെ വഴി തടയല്‍ സമരം.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിംഗ് കോളജിലേക്ക് മാര്‍ച്ചും ബി.ജെ.പി നടത്തും.

നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബി.ജെ.പി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ, സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.