ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ച നിയമമാണ് ഇംപാക്ട് പ്ലെയര്‍ റൂള്‍. 2023ലാണ് ആദ്യമായി ഐ.പി.എല്ലില്‍ ഈ നിയമം നടപ്പിലാക്കിയത്. ലീഗിലെ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നതില്‍ ഈ നിയമം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ക്രിക്കറ് നിരീക്ഷകരും മുന്‍ താരങ്ങളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ ഈ നിയമത്തെ കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സൂപ്പര്‍ താരം എം.എസ് ധോണി. ഇംപാക്ട് പ്ലെയര്‍ റൂള്‍ കൊണ്ടുവന്നപ്പോള്‍ അത് ശരിക്കും ആവശ്യമില്ലെന്നാണ് തനിക്ക് തോന്നിയത് എന്നാണ് ധോണി പറഞ്ഞത്. ഒരു തരത്തില്‍ അത് തന്നെ സഹായിക്കുന്നുവെന്നും താന്‍ വിക്കറ്റ് കീപ്പിങ് ചെയ്യുന്നതിനാല്‍ താന്‍ ഒരു ഇംപാക്ട് പ്ലെയറല്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. ജിയോ സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ധോണി.
‘ഈ നിയമം നടപ്പിലാക്കിയപ്പോള്‍, ആ സമയത്ത് അത് ശരിക്കും ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നി. ഒരു തരത്തില്‍, ഇത് എന്നെ സഹായിക്കുന്നു, എന്നാല്‍ അതേ സമയം, അത് അങ്ങനെയല്ല. ഞാന്‍ ഇപ്പോഴും എന്റെ വിക്കറ്റ് കീപ്പിങ് ചെയ്യുന്നു, അതിനാല്‍ ഞാന്‍ ഒരു ഇംപാക്ട് പ്ലെയറല്ല. എനിക്ക് കളിയില്‍ പങ്കാളിയാകണം,’ ധോണി പറഞ്ഞു.
ഈ നിയമം കൂടുതല്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്ന് ധാരാളം ആളുകള്‍ പറയുന്നുണ്ടെന്നും എന്നാല്‍ താന്‍ സാഹചര്യങ്ങളും കളിക്കാരുടെ കംഫര്‍ട്ട് ലെവലുമാണ് ഹൈ സ്‌കോറിങ് ഗെയിമുകള്‍ക്ക് കാരണമാകുമെന്നത് എന്നാണ് വിശ്വസിക്കുന്നതെന്നും ധോണി പറഞ്ഞു. നാലോ അഞ്ചോ അധിക ബാറ്റര്‍മാരെ ഉപയോഗിക്കുന്നത് കൊണ്ടല്ല, അവരെ ലഭിക്കുമെന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ടീമുകള്‍ കൂടുതല്‍ അഗ്രസ്സീവായി കളിക്കുന്നതെന്നും നാല്പത്തിമൂന്നുകാരനായ മുന്‍ നായകന്‍ കൂട്ടിച്ചേത്തു.
‘ഈ നിയമം കൂടുതല്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്ന ഗെയിമുകളിലേക്ക് നയിച്ചിട്ടുണ്ടെന്ന് ധാരാളം ആളുകള്‍ പറയുന്നു. സാഹചര്യങ്ങളും കളിക്കാരുടെ കംഫര്‍ട്ട് ലെവലുമാണ് ഇതിന് കാരണമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു അധിക ബാറ്റര്‍ മാത്രമല്ല റണ്‍സ് നേടുന്നത്.
ഇതൊരു മാനസികാവസ്ഥയാണ്. ടീമുകള്‍ക്ക് ഇപ്പോള്‍ ഒരു അധിക ബാറ്ററുടെ സുഖം ലഭിക്കുന്നു, അതിനാല്‍ അവര്‍ കൂടുതല്‍ അഗ്രസ്സീവായി കളിക്കുന്നു. നാലോ അഞ്ചോ അധിക ബാറ്റര്‍മാരെ ഉപയോഗിക്കുന്നത് കൊണ്ടല്ല, അവരെ ലഭിക്കുമെന്ന ആത്മവിശ്വാസം മാത്രമാണ് അത്. ടി20 ക്രിക്കറ്റ് ഇങ്ങനെയാണ് വികസിച്ചത്,’ ധോണി പറഞ്ഞു.
CONTENT HIGHLIGHTS: High scoring games are due to conditions and comfort level of players, not impact player rule: Dhoni