ബജാജ് വി15 വില്‍പ്പന തകൃതി
Big Buy
ബജാജ് വി15 വില്‍പ്പന തകൃതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 10:38 pm

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കപ്പലിന്റെ ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ബജാജിന്റെ വി 15 ബൈക്കിന് തകര്‍പ്പന്‍ വില്‍പ്പന. വിപണിയിലെത്തി വെറും നാലു മാസകൊണ്ട് വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു. വി 15 ആവശ്യക്കാരുടെ വര്‍ധിച്ച എണ്ണം കണക്കിലെടുത്ത് ബൈക്കിന്റെ ഉല്‍പ്പാദനം കൂട്ടാന്‍ ബജാജ് തയ്യാറെടുക്കുകയാണ്. പ്രതിദിന ഉല്‍പ്പാദനം അധികം താമസിക്കാതെ 1,000 എണ്ണമായി വര്‍ധിപ്പിക്കും. നിലവില്‍ പ്രതിമാസം ശരാശരി 25,000 വി 15 നിരത്തിലിറങ്ങുന്നുണ്ട്.

ഐ.എന്‍.എസ് വിക്രാന്തിന്റെ സ്റ്റീല്‍ കൊണ്ടാണ് വി 15 ന്റെ പെട്രോള്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. വി 15 ന്റെ 150 സിസി , സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് , ഡി.ടി.എസ്.ഐ എന്‍ജിന് 11.80 ബി.എച്ച്.പി കരുത്തും  13 എന്‍.എം ടോര്‍ക്കുമാണ് ശേഷി. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ലീറ്ററിന് 60 കിമീ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ടും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങായുള്ള ഒറ്റ വകഭേദമേ വി 15 നുള്ളൂ.