ന്യൂയോര്‍ക്ക്: 2001 ലെ സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ ഭാഗമായി സി.ഐ.എ നടത്തിയ ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നു. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള യു.എസ് എംബസികള്‍ക്കുള്ള സുരക്ഷ ശക്തമാക്കി.
ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആദ്യമായാണ് യൂറോപ്പിലെയും ഏഷ്യയിലെയും രഹസ്യ സ്ഥലങ്ങളില്‍ സി.ഐ.എ നടത്തുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് യു.എസ് അനുകൂല സ്ഥാപനങ്ങള്‍ക്കും അമേരിക്കന്‍ ജനതയ്ക്കും വലിയ വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ ഏണസ്റ്റ് പറഞ്ഞു.
ആഗോള തലത്തില്‍ യു.എസ് എംബസികള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് റിലീസ് ചെയ്യുന്ന സമയത്തെക്കുറിച്ച് ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ജോണ്‍ കെറി റിപ്പോര്‍ട്ട് തയ്യാറാക്കിയ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷയോട് ആവശ്യപ്പെട്ടു.
2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ തീവ്രവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 100 പേരെ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വിടുന്നത്. 6200 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 480 പേജുകളിലാണ് ഈ 100 പേരെ ചോദ്യം ചെയ്തതിനെക്കുറിച്ച് പറയുന്നത്.
പരുഷമായ ചോദ്യം ചെയ്യലിനെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട് വായിച്ച ഉന്നതര്‍ പറയുന്നത്. ക്രൂരമായ പീഡനമുറകളാണ് സി.ഐ.എ കുറ്റവാളികളെന്ന് ആരോപിക്കുന്നവര്‍ക്ക് നേരെ നടത്തിയിരിക്കുന്നത്.