തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്.
യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. പേവിഷ പ്രതിരോധ കര്‍മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മപദ്ധതി ഇന്ന് അവലോകനം ചെയ്യും.
തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം. ബി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ 152 ബ്ലോക്കുകളില്‍ എ.ബി.സി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനമായെന്നും മന്ത്രി അറിയിച്ചു.
‘പ്രശ്നത്തില്‍ ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ അടിയന്തരമായി ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. കാരണം സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്. സുപ്രീം കോടതിയുടെ പരിഗണനയില്‍ വിഷയമിരിക്കുകയാണ്.
മുഖ്യമന്ത്രിയെ കണ്ട ശേഷം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികളുടെയും പൊതുജന പങ്കാളിത്തത്തോടെയും പ്രശ്ന പരിഹാരം കാണും,’ എന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്താകെ നിരവധി പേര്‍ക്കാണ് തെരുവു നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. കോഴിക്കോട്ട് ജില്ലയില്‍ നാല് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ തെരുവുനായ കടിച്ചു.
കണ്ണൂര്‍ തളിപ്പറമ്പില്‍ മധ്യവയസ്‌കയുടെ കൈപ്പത്തിക്ക് കടിയേറ്റു. അട്ടപ്പാട്ടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തിരുവോണ ദിവസമാണ് തെരുവ് നായ ആക്രമിച്ചത്. വയനാട്ടില്‍ ജോലി കഴിഞ്ഞു മടങ്ങിയ കര്‍ഷകനേയും ആടിനെ മേയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. ഇങ്ങനെ തുടങ്ങുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായവരുടെ കണക്കുകള്‍.
Content Highlight: High Level meeting to discuss Stray Dog attack