ദേശീയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ; കടുത്ത നിയന്ത്രണം വേണമെന്നും നിര്‍ദേശം
India
ദേശീയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ; കടുത്ത നിയന്ത്രണം വേണമെന്നും നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 3:49 pm

ന്യൂദല്‍ഹി: ഏപ്രില്‍ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ.

ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ രോഗം കൂടുതലായി വ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാര്‍ശ ചെയ്തു.

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തുടരുകയും ഇതോടൊപ്പം രോഗം വ്യാപനം ശക്തമായ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്നാണ് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്യുന്നത്.

അതേസമയം, രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച വ്യക്തമാക്കിരുന്നു.

രാജ്യത്ത് 5000 ത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നത് അസാധ്യമാണെന്നാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി അഭിപ്രായപ്പെട്ടത്.

നിലവില്‍ 5434 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 166 പേര്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത രീതിയില്‍ കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്.

മാര്‍ച്ച് 25-ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് 606 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ 15 ദിവസം പിന്നിടുമ്പോള്‍ ഇതു പത്തിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ എന്നുവരെ തുടരണം എന്നതില്‍ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ലോക്ക് ഡൗണ്‍ ഏപ്രില്‍ മുപ്പത് വരെ നീട്ടി ഒഡീഷ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ