സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ വിദ്യാഭ്യാസ മേഖലയിലൊഴികെയുള്ള എല്ലാ സേവനങ്ങളുടെയും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ആശുപത്രി സേവനങ്ങള്‍ക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ഇതോടെ ആശുപത്രികളില്‍ രോഗികള്‍ നല്‍കേണ്ട തുക, ഡിസ്‌പെന്‍സറി സേവനങ്ങളുടെ തുക എന്നിവയിലും വര്‍ദ്ധനയുണ്ടാകും. നിലവില്‍ എ.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമായിരുന്നു ചികിത്സയ്ക്കും സേവനങ്ങള്‍ക്കും ഫീസ് നല്‍കേണ്ടത്.
പിഴത്തുക, വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കേണ്ട നിരക്കുകള്‍, വിവിധ അപേക്ഷാപത്രങ്ങളുടെയും രേഖകളുടെയും പ്രസിദ്ധീകരണങ്ങളുടെയും വില, സര്‍ക്കാര്‍ ഉത്പന്നങ്ങളുടെ വില, സര്‍ക്കാര്‍ സംവിധാനങ്ങളുടെയെല്ലാം വാടക, പി.എസ്.സി പരീക്ഷകളെ സംബന്ധിച്ച ഫീസ് എന്നിവയിലും വര്‍ദ്ധനവുണ്ടാകും.
എല്ലാ വകുപ്പുകളിലും സേവനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ 369 കോടി രൂപയാണ് സര്‍ക്കാര്‍ അധികവരുമാനം പ്രതീക്ഷിക്കുന്നത്. ധനവകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.