പ്രയാഗ്‌രാജ്: മഹാകുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ഉള്ളതായി റിപ്പോർട്ട്. ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. വെള്ളത്തിൽ ഉയർന്ന അളവിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് വഴിയാണ് ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർധിക്കുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച്, വെള്ളത്തിൽ ഫീക്കൽ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റാണ്. എന്നാൽ അനുവദനീയമായ അളവിലും കൂടുതലാണ് പ്രയാഗ്‌രാജിലെ ഫെക്കൽ കോളിഫോമിന്റെ അളവ്.
മഹാ കുംഭമേളയിലെത്തി കോടിക്കണക്കിന് ആളുകളാണ് നദീജലത്തിൽ കുളിക്കാനായി ഇറങ്ങുന്നത്. ഇതിനിടെയാണ് ജലത്തിൻ്റെ ഗുണനിലവാരത്തെ പറ്റി ആശങ്കകളുയരുന്നത് ഈ വർഷം ജനുവരി 13 മുതൽ ഇതുവരെയായി മഹാ കുംഭമേളയിൽ കുളിച്ചവരുടെ എണ്ണം 54:31 കോടി കവിഞ്ഞതായാണ് കണക്കുകൾ. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്രം 1.35 കോടിയിലധികം ഭക്തരാണ് ഇവിടെ കുളിച്ചത്
പ്രയാഗരാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജൂഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗം എ സെന്തിൽ വേൽ എന്നിവരടങ്ങിയ എൻ.ജി.ടി ബെഞ്ച് പരിഗണിക്കുകയാണ് ചില നിയമലംഘനങ്ങളും സി.പി.സി.ബി എൻ.ജി.ടിയെ അറിയിച്ചിട്ടുണ്ട്.
സമഗ്രമായ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന ട്രൈബ്യൂണലിന്റെ മുൻ നിർദേശം ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് (യു.പി.പി.സി.ബി) പാലിച്ചില്ലെന്നും ബെഞ്ച് വിമർശിച്ചു. ചില ജല പരിശോധനാ റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്ന ഒരു കവറിങ് ലെറ്റർ മാത്രമാണ് യു.പി.പി.സി.ബി സമർപ്പിച്ചതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.
‘കേന്ദ്ര ലബോറട്ടറിയുടെ ചുമതലയുള്ള യു.പി.പി.സി.ബി അയച്ച 2025 ജനുവരി 28 ലെ കവറിങ് ലെറ്ററിനൊപ്പം നൽകിയ രേഖകൾ പരിശോധിച്ചപ്പോൾ വിവിധ സ്ഥലങ്ങളിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയെ കണ്ടെത്തി,’ എൻ.ജി.ടി ബെഞ്ച് പറഞ്ഞു.
റിപ്പോർട്ട് പരിശോധിച്ച് മറുപടി സമർപ്പിക്കാൻ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ അഭിഭാഷകന് ഒരു ദിവസത്തെ സമയം ട്രൈബ്യൂണൽ അനുവദിച്ചു.
Content Highlight: High faecal coliform levels in Prayagraj during Mahakumbh: CPCB report to NGT