ചെന്നൈ: നടന്‍ വിശാലിന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. അന്തരിച്ച മുന്‍ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒഴിച്ചിട്ട ആര്‍.കെ നഗറിലെ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിശാലിന്റെ പത്രികയാണ് തള്ളിയത്.
പത്രിക തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് വിശാല്‍ പ്രതിഷേധിക്കുകയായിരുന്നു. തന്റെ അനുയായികളെ ഭീഷണിപ്പെടുത്തിയതായും വിശാല്‍ ആരോപിച്ചു. ഇതോടെ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാളെ വിശാല്‍ വീണ്ടും റിട്ടേണിംഗ് ഓഫീസറെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംഭവം തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നടന്‍ വിശാലിനു പുറമെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രികയും കമ്മീഷന്‍ തള്ളിയിട്ടുണ്ട്.
ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജരിവാളിനെ മാതൃകയാക്കിയായിരുന്നു വിശാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാല്‍ മത്സര രംഗത്തിറങ്ങിയത്. ഡിസംബര്‍ 21,24 തിയ്യതികളിലാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്.